ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജർ റാങ്കിലുള്ള ഓഫീസറടക്കം നാല് ജവാന്മാർക്ക് വീരമൃത്യു. രാഷ്ട്രീയ റൈഫിൾസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗവും ജമ്മു കശ്മീർ പൊലീസും ദോഡ ജില്ലയിലെ ദോഡ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഭീകരർക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച വൈകിട്ടുണ്ടായ ആദ്യ ഏറ്റുമുട്ടലിനു പിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സുരക്ഷാസേന പിന്തുടർന്നു. രാത്രി ഒൻപതോടെ വനത്തിനുള്ളിൽവച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഭീകരർക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ അപ്രതീക്ഷിത വെടിവെപ്പുണ്ടായി. ഉടൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. അരമണിക്കൂറോളം ഏറ്റമുട്ടൽ നടന്നു. അതിനിടെ അഞ്ച് സൈനികർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഓഫീസറടക്കം നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലിനെത്തുടർന്ന് കൂടുതൽ സൈനികരെ പ്രദേശത്ത് എത്തിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്.
Discussion about this post