ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് (30) വേണ്ടിയുള്ള തിരച്ചിൽ നിർത്തുന്നു. അപകടമുണ്ടായി 12-ാം നാളിലാണ് കുടുംബത്തെയും കേരളത്തെയാകെയും കണ്ണീരിലാഴ്ത്തി കർണാടക അധികൃതരുടെ പിന്മാറ്റം. കേരളത്തിന്റെ സമ്മർദം പരിഗണിക്കാതെയാണ് തീരുമാനം. തിരച്ചിൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഫോണിൽ അഭ്യർഥിച്ചു. തുടർന്ന് വൈകിട്ട് കാർവാറിൽചേർന്ന ഉന്നതതലയോഗം തിരച്ചിൽ നിർത്തുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല. അടുത്ത 21 ദിവസം പ്രദേശത്ത് പേമാരിയാണെന്നും ആറ് നോട് സിലധികം ഒഴുക്കുള്ളപ്പോൾ തിരച്ചിൽ സാധ്യമല്ലെന്നും ഫിഷറീസ് മന്ത്രി മംഗൾ എസ് വൈദ്യ പ്രതികരിച്ചു. ദൗത്യം തുടരാൻ എല്ലാ സാധ്യതയും തേടുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയിൽ പറഞ്ഞു.
Discussion about this post