ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി.
ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കേജ്രിവാൾ നിലവിൽ തിഹാർ ജയിലിലാണ്.
അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ ഇ.ഡി തിടുക്കത്തിൽ അറസ്റ്റ് ചെയ്തതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുകളുടെ പേരിൽ അറസ്റ്റിൽനിന്നു സംരക്ഷണം അവകാശപ്പെടാൻ കേജ്രിവാളിനാകില്ലെന്നായിരുന്നു കോടതിയിൽ ഇ.ഡി നിലപാടെടുത്തു. അറസ്റ്റുൾപ്പെടെയുള്ള നടപടികൾക്കെതിരെ ഇടക്കാലാശ്വാസം തേടി കേജ്രിവാൾ നൽകിയ ഹർജികളിലായിരുന്നു ശക്തമായ വാദങ്ങൾ നടന്നത്.
Discussion about this post