മദ്യനയ അഴിമതി കേസിൽ ഇ.ഡി. അറസ്റ്റു ചെയ്ത് ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് പ്രതിപക്ഷ ഇന്ത്യ കൂട്ടായ്മയ്ക്ക് ആവേശമായി. ആം ആദ്മിക്ക് സ്വാധീനമുള്ള ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽ എന്നിവിടങ്ങളിൽ ആറും ഏഴും ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇന്ത്യ കൂട്ടായ്മയുടെ പ്രചാരണത്തിന്റെ നേതൃസ്ഥാനത്തേക്ക് കെജ്രിവാൾ എത്തുന്നത് ഇന്ത്യ സഖ്യത്തിനാകെ ഉണർവാകും.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കെജ്രിവാളിനെ മോദി സർക്കാർ ബോധപൂർവം ജയിലിലടച്ചതാണെന്ന പ്രചാരണമാകും എ.എ.പിയും ഇന്ത്യ കൂട്ടായ്മയും നടത്തുക. മോദിയുടെ പ്രതികാര രാഷ്ട്രീയം തുറന്നുകാട്ടിയുള്ള പ്രചാരണത്തിനായിരിക്കും പ്രാമുഖ്യം നൽകുക.
ഏഴു സീറ്റുള്ള ഡൽഹിയിലും 10 സീറ്റുള്ള ഹരിയാനയിലും 25ന് ആറാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് സംസ്ഥാനത്തും ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ രണ്ടാഴ്ചയോളം കെജ്രിവാളിന് ലഭിക്കും. പതിമൂന്ന് സീറ്റുള്ള പഞ്ചാബിലും ഒരു സീറ്റുള്ള ചണ്ഡിഗഢിലും നാല് സീറ്റുള്ള ഹിമാചലിലും ജൂൺ ഒന്നിന് അവസാന ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഇന്ത്യ കൂട്ടായ്മ കക്ഷികളായ എ.എ.പിയും കോൺഗ്രസും തമ്മിലാണ് പഞ്ചാബിൽ പ്രധാനമത്സരം. അകാലിദളുമായി സഖ്യമില്ലാത്തതിനാൽ ബി.ജെ.പി. ചിത്രത്തിലില്ല. എ.എ.പിക്ക് സ്വാധീനമുള്ള ഹിമാചലിലും കെജ്രിവാളിന്റെ ജയിൽമോചനം പ്രതിപക്ഷത്തിന് പ്രതീക്ഷയാണ്. ബിഹാർ, മഹാരാഷ്ട്ര, യു.പി. തുടങ്ങി വോട്ടെടുപ്പ് തുടരുന്ന മറ്റ് പ്രധാന സംസ്ഥാനങ്ങളിലും കെജ്രിവാളിൻ്റെ അറസ്റ്റും സുപ്രീംകോടതി ഇടപെട്ടുള്ള മോചനവും ചർച്ചയാകുന്നത് പ്രതിപക്ഷത്തിന് ഗുണം ചെയ്യും.
Discussion about this post