വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ്. തൂത്തുവാരുമെന്ന് എ.പി.ബി.- ന്യൂസ്സി വോട്ടര്‍ അഭിപ്രായ സര്‍വേ. തമിഴ്നാട്ടില്‍ ഡി.എം.കെ. മുന്നണി തൂത്തുവാരുമെന്നും തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തുവന്ന ആദ്യ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തില്‍ എല്‍.ഡി.എഫിന് നിലവിലുള്ള ഒരു സീറ്റുകൂടി നഷ്ടമാകും. ഇരട്ടയക്കം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ കേരളത്തില്‍ എന്‍.ഡി.എക്ക് ഒരു സീറ്റില്‍പോലും വിജയിക്കാനാകില്ലെന്നും എ.പി.ബി.- ന്യൂസ്സി വോട്ടര്‍ സര്‍വേ പറയുന്നു. 2019ലേതിന് സമാനമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇത്തവണയും കേരളത്തിലെ 20 സീറ്റുകളിലും വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് സര്‍വേയിലെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യു.ഡി.എഫ്. 44.5 ശതമാനം വോട്ടുകളോടെ 20ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബി.ജെ.പി. മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ല. മറ്റുപാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുനേടുമെന്നും സര്‍വേ പറയുന്നു.
ഗുജറാത്ത്, രാജസ്ഥാന്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. തൂത്തുവാരുമെന്നാണ് സര്‍വേ ഫലം.
Discussion about this post