ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ഗംഗാവാലിപ്പുഴയില്‍ നിന്ന് സോണാര്‍ സിഗ്നല്‍ ലഭിച്ച ഇടത്താണ് ഇന്ന് പരിശോധന നടത്തുന്നത്. റഡാര്‍ സിഗ്നല്‍ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാര്‍ സിഗ്നലും ലഭിച്ചത്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാര്‍ സിഗ്നല്‍ കിട്ടിയത്. 60 അടി ആഴത്തില്‍ പുഴയിലെ ചെളി നീക്കിയാണ് പരിശോധന. തിരച്ചിലിന് ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുമെന്ന് അറിയിച്ചിരുന്ന ബൂം ലെങ്ത് യന്ത്രമെത്തുന്നത് വൈകും. 60 അടിവരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന യന്ത്രംകൊണ്ടുവരുന്ന വാഹനത്തിന് തകരാര്‍ സംഭവിച്ചതാണ് വൈകാന്‍ കാരണം. വാഹനത്തിന്റെ തകാര് പരിഹരിച്ചെങ്കിലും ഉച്ചയോടെ മാത്രമേ യന്ത്രമെത്തുകയുള്ളൂ. ഷിരൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെവച്ചാണ് വാഹനത്തിന് തകരാര്‍ സംഭവിച്ചത്. ഹുബ്ബള്ളി കാര്‍വാര്‍ പാതയില്‍ യെല്ലാപുരയില്വച്ച് യന്ത്രം കൊണ്ടുവരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറാവുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയേ യന്ത്രം എത്തിക്കാന്‍ സാധിക്കുകയുള്ളൂ.
Discussion about this post