ഒറ്റയ്ക്ക് മുന്നിൽ രണ്ടു ഭൂരിപക്ഷം നേടുകയും എൻ.ഡി.എക്ക് നാനൂറിലേറെ സീറ്റ് എന്നതിലേക്കും എത്തുകയാ ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ മറുവശത്ത് പ്രതിപക്ഷം ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുകയുമാണ്. ഇന്ത്യ സഖ്യത്തിലെ ഏകോപനമില്ലായ്മ പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. 120 സീറ്റ് കോൺഗ്രസ് മാത്രം നേടിയാലും പ്രാദേശിക കക്ഷികളും എൻ.ഡി.എ. വിരുദ്ധരും ചേർന്ന് ബാക്കി സീറ്റുകൾ നേടിയാലേ കേവല ഭൂരിപക്ഷം നേടി ബി.ജെ.പിയെ അധികാരത്തിൽനിന്നകറ്റാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അസാധ്യമായ ലക്ഷ്യമാണ് പ്രതിപക്ഷത്തിനു മുന്നിലുള്ളത്.
പരമാവധി സഖ്യങ്ങളിലൂടെയും കൂറുമാറ്റങ്ങളിലൂടെയും ലക്ഷ്യത്തിലെത്താൻ കിണഞ്ഞു ശ്രമിക്കുകയാണ് ബി ജെ പി. ചില സംസ്ഥാനങ്ങളിൽ അവർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടിയിരുന്നു. ഇത്തവണ അവ നിലനിർത്തുകയെന്ന വെല്ലുവിളി ഉണ്ട്. യു.പി. കഴിഞ്ഞാൽ വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ബിഹാറിലും കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കുക എളുപ്പവുമല്ല. മോദി പ്രഭാവം കഴിഞ്ഞ തവണത്തേതുപോലെ ഫലിക്കാതിരിക്കുകയും തീവ്ര ഹിന്ദുത്വം വേണ്ടത്ര ഏശാതിരിക്കുകയും ചെയ്താൽ ബിജെപിക്ക് നഷ്ടമുണ്ടാകാനാണ് സാധ്യത.
എൻ ഡി എ സഖ്യത്തിന്റെ ഭാഗമല്ലാത്ത വൈ.എസ്.ആർ. കോൺഗ്രസ്, ബി.ജെ.ഡി. അടക്കമുള്ള കക്ഷികളെ ഒരു അസാധാരണ ഘട്ടത്തിലെങ്കിലും ഒപ്പം നിർത്താനാകുമെന്ന പ്രതീക്ഷ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കുണ്ട്. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ബിഹാറിൽ ആർ.ജെ.ഡി. എന്നിവരുടെ പ്രകടനവും പ്രതിപക്ഷത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ബിജെപിയുടെ ശക്തികേന്ദ്രമായ യു.പിയിൽ സമാജ്വാദി പാർട്ടി നേടുന്ന ഓരോ സീറ്റും സഖ്യത്തിനു നിർണായകമാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻ.സി.പി. (പവാർ) കൂട്ടുകെട്ടിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാൽ അത് ബി.ജെ.പിക്ക് തിരിച്ചടിയാകും.
രാജ്യം നിർണായകമായ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷകക്ഷികളും കണക്കുകൂട്ടലുമായി മുന്നോട്ടു പോകുകയാണ്.
Discussion about this post