മലപ്പുറത്ത് കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി മരിച്ചത് ക്രൂരപീഡനത്തിന് ഇരയായി. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് കോന്തത്തൊടിക ഫായിസി(24) നെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.
രണ്ടര വയസുകാരി ഫാത്തിമ നസ്റീന് മരിച്ചതുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചതിനു ശേഷമാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഒരാഴ്ചയോളം നീണ്ട ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകള്‍ തകര്‍ന്നതായും തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും ശരീരത്തില്‍ അറുപതോളം ക്ഷതങ്ങളുള്ളതായുമാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍.
നസ്റീനെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അനക്കമില്ലാത്ത നിലയില്‍ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് പിതാവ് പറഞ്ഞത്. എന്നാല്‍, ബന്ധുക്കള്‍ ഇക്കാര്യത്തില്‍ സംശയമുന്നയിച്ചിരുന്നു. അവിടെനിന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. രാത്രി 7.30ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ക്രൂരമായ മര്‍ദനത്തിന്റെ വിവരങ്ങള്‍ പുറത്തായത്. കുട്ടിയെ കട്ടിലില്‍ എടുത്ത് അടിച്ചും ശരീരത്തില്‍ പരുക്കേല്‍പ്പിച്ചുമാണ് കൊന്നതെന്ന് കുട്ടിയുടെ മാതാവും ബന്ധുക്കളും മൊഴിനല്‍കിയിട്ടുണ്ട്.
Discussion about this post