വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട്.
നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകർന്നതിനാൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പോലീസും ഫയർഫോഴ്സും ജനപ്രതിനിധികളും നിലവിൽ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്.
Discussion about this post