വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ്ങിലൂടെ പണംതട്ടുന്ന സംഘത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. ഡല്‍ഹി സ്വദേശി അബ്ദുള്‍ റോഷ (46)നെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ്ചെയ്തത്. കര്‍ണാടക മടിക്കേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ പ്രത്യേക സൈബര്‍ ക്രൈം സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് വിവിധ മൊബൈല്‍ കമ്പനികളുടെ 40,000 സിം കാര്‍ഡുകളും 180 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. തട്ടിപ്പ് സംഘത്തിന് സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരനാണ് ഇയാള്‍.
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ്ങിലൂടെ ഒരുകോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന വേങ്ങര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമുകള് എന്നിവ വ്യാജമായി നിര്‍മിച്ചാണ് പണം തട്ടിയത്. ഇത്തരം പ്ലാറ്റുഫോമുകളില്‍ എത്തുന്നവരെ വമ്പന്‍ ഓഫറുകള്‍ നല്കി വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിപ്പിച്ച് പണംതട്ടുന്നതാണ് ഇവരുടെ രീതി.
സംഘത്തിന് അക്കൗണ്ടുകള്‍ തുറക്കാന്‍ മൊബൈല്‍ നമ്പറിലൂടെ ഒ.ടി.പി. ഷെയര്‍ ചെയ്ത് കൊടുക്കുന്നത് പ്രതി അബ്ദുള്‍ റോഷനും സംഘവുമാണ്. സിം കാര്‍ഡ് എടുക്കുന്നതിന് കടകളില്‍ എത്തുന്നവരുടെ വിരലടയാളം തട്ടിപ്പ് സംഘത്തില്‍പ്പെട്ട ജീവനക്കാര്‍ രേഖപ്പെടുത്തും. ഈ വിരലടയാളങ്ങള്‍ ഉപയോഗിച്ച് മറ്റ് കമ്പനികളുടെയും സിംകാര്‍ഡുകള്‍ ആക്ടീവാക്കും. അത്തരം സിം കാര്‍ഡുകള്‍ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ ജീവനക്കാര്‍വഴി വാങ്ങും. സിം കാര്‍ഡുകള്‍ ആക്ടീവായതിന് ശേഷം പ്രതി ഷെയര്‍മാര്‍ക്കറ്റ് തട്ടിപ്പ് സംഘത്തിന് കൈമാറിയാണ് തട്ടിപ്പ് നടത്തുന്നത്.
Discussion about this post