ലോക ചാമ്പ്യൻമാരായ അർജൻ്റീന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കടന്നു. നായകൻ ലയണൽ മെസി ടൂർണമെന്റിൽ ആദ്യമായി ഗോളടിച്ച മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാനഡയെ തകർത്ത് അർജന്റീന ഫൈനലിൽ കടന്നത്. വ്യാഴാഴ്ച്ച പുലർച്ചെ നടക്കുന്ന കൊളംബിയ- ഉറുഗ്വെ രണ്ടാം സെമി ഫൈനൽ വിജയികളെയാണ് അർജൻ്റീന ഫൈനലിൽ നേരിടുക.
ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ മെസിയും ഗോൾ നേടി. 22-ാം മിനിറ്റിൽ മുന്നേറ്റതാരം ജൂലിയൻ അൽവാരസാണ് ലോകചാമ്പ്യൻമാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റിൽ മെസിയും ഗോൾ നേടി. കാനഡയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്താണ് രണ്ട് ഗോളുകളും പിറന്നത്. കാനഡയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഗോളി എമിലിയാനോ മാർട്ടിനസ് രക്ഷകനായി. അർജന്റീന പ്രതിരോധവും മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് വന്നപ്പോഴും അർജൻ്റീ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.
Discussion about this post