തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ പതഞ്ജലി ആയുര്‍വേദയുടെ സഹസ്ഥാപകന്‍ ബാബ രാംദേവ് കോടതിയില്‍ ഹാജരായി ക്ഷമാപണം നടത്തിയെങ്കിലും സ്വീകരിക്കാന്‍ സുപ്രീം കോടതി തയാറായില്ല.
ഹൃദയത്തില്‍ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ് ഇരുവരും സമര്‍പ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. സത്യവാങ്മൂലം അംഗീകരിക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകന് അറിയിച്ചു. എന്നാല്‍ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പമാണ് ബാബ രാംദേവ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായത്. ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നല്കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ ഇരുവരോടും കോടതി നിര്‍ദേശിച്ചിരുന്നു.
പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നല്‍കിയത്.
Discussion about this post