ഇന്നലെ ചേര്‍ന്ന എന്‍.ഡി.എ. യോഗത്തില്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചു. ഇതില്‍ കുറവ് വരുത്തുന്നതിന് ബി.ജെ.പിയും ഇവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലോക്‌സഭയില്‍ 16 സീറ്റ് ലഭിച്ച ചന്ദ്രബാബു നായിഡു ലോക്‌സഭാ സ്പൂക്കര്‍ സ്ഥാനത്തിനു പുറമേ ധനകാര്യ സഹമന്ത്രി സ്ഥാനം ഉള്‍പ്പെടെ അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതായാണ് പറയുന്നത്. ഗതാഗതം, പഞ്ചായത്തീരാജ്, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളും മന്ത്രിമാരുടെ വകുപ്പുകളായി ടി.ഡി.പി. ലക്ഷ്യമിടുന്നു. 240 സീറ്റില്‍ ജയിച്ച ബി.ജെ.പി. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം വകുപ്പുകള്‍ ആര്‍ക്കും നല്‍കാന്‍ തയാറല്ല.
12 സീറ്റുള്ള ജെ.ഡി.യു. രണ്ട് ക്യാബിനറ്റ് പദവികളും ഒരു സഹമന്ത്രി സ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍തന്നെ റയില്‍വേ മന്ത്രിസ്ഥാനം അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഏഴ് സീറ്റുള്ള ശിവസേന ഷിന്ദേ വിഭാഗം, അഞ്ച് സീറ്റുള്ള ചിരാഗ് പസ്വാന്റെ എല്‍.ജെ.പി. എന്നിവര്‍ക്കും മന്ത്രിസ്ഥാനം കൊടുക്കേണ്ടതായി വരും. ഒരു കാബിനറ്റ് പദവി ഉള്‍പ്പെടെ രണ്ട് മന്ത്രിസ്ഥാനമാണ് ചിരാഗ് ചോദിക്കുകയെന്നാണ് അനൗദ്യോഗികമായി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. രണ്ട് സീറ്റ് വീതമുള്ള ജനസേനാ പാര്‍ട്ടി, ജനതാദള്‍ എസ്., രാഷ്ട്രീയ ലോക്ദള്‍ എന്നിവയ്ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കേണ്ടിവരുമെന്നുറപ്പാണ്. ഇതിനു പുറമേ ഓരോ അംഗങ്ങള്‍ വീതമുള്ള എട്ട് പാര്‍ട്ടികള്‍ എന്‍.ഡി.എ.യില്‍ ഉണ്ട്. അവര്‍ ഓരോരുത്തര്‍ മന്ത്രിസ്ഥാനം കൊടുക്കേണ്ടിവരും. ബിഹാറിലെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചാ നേതാവ് ജിതന്‍ റാം മാഞ്ചി ഇതിനകംതന്നെ മന്ത്രിസ്ഥാനം ചോദിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ ആദ്യമായി ബി.ജെ.പി.ക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണച്ചേക്കും. വി. മുരളീധരന്റെ രാജ്യസഭാംഗത്വം അവസാനിച്ചതിനാലും ലോക്‌സഭയിലേക്ക് ആറ്റിങ്ങലില്‍ പരാജയപ്പെട്ടതിനാലും അദ്ദേഹത്തെ ഉടന്‍ മന്ത്രിയാക്കാനിടയില്ല. തിരുവനന്തപുരത്ത് മികച്ച പോരാട്ടം കാഴ്ചവച്ച രാജീവ് ചന്ദ്രശേഖറിനും മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത.
Discussion about this post