ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ എന്‍.ഡി.എയും ഇന്ത്യ സഖ്യവും ഇന്ന് ഡല്‍ഹയില്‍ നിര്‍ണായക യോഗങ്ങള്‍ ചേരും.
ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യത്തിന് ലോക്സഭയില്‍ 294 സീറ്റുണ്ട്. കേവല ഭൂരിപക്ഷമായ 272ല്‍നിന്ന് 22 സീറ്റാണ് എന്‍.ഡി.എക്ക് അധികമായുള്ളത്. 234 സീറ്റ് ലഭിച്ച ഇന്ത്യ സഖ്യത്തിന് കേവല ഭൂരിപക്ഷത്തിലെത്താന് ഇനി 38 സീറ്റുകൂടി വേണം. എന്‍.ഡി.എയുടെ രണ്ട് സഖ്യകക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കേന്ദ്ര ഭരണത്തില്‍ നിര്‍ണായക ഘടകമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇവരുടെ പിന്തുണതേടി ഇന്ത്യ സഖ്യം സമീപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ എന്‍.ഡി.എയുടെയും ഇന്ത്യ സഖ്യത്തിന്റെയും പ്രധാന നേതാക്കളെല്ലാം ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. രാഷ്ട്രീയ ചുവടുമാറ്റങ്ങളിലൂടെ എന്നും ശ്രദ്ധേയനായിട്ടുള്ള നിതീഷ് കുമാറും ഡല്ഹിയിലേക്കെത്തിയിട്ടുണ്ട്. നിതീഷ് കുമാറും ആര്.ജെ.ഡി. നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ, ശരദ് പവാര്‍, എം.കെ.സ്റ്റാലിന് തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ നേതാക്കളും ഡല്‍ഹിയിലെ യോഗങ്ങള്‍ക്കായി എത്തുന്നുണ്ട്.
Discussion about this post