നിപാ ബാധിച്ച് മരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. കുട്ടിയുടെ പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളില്‍ മാപ്പിലുള്ള സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിപാ കണ്ട്രോള് റൂമില്‍ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി ഞായറാഴ്ച രാവിലെ 11.30നാണ് മരിച്ചത്. രാവിലെ 10.50ന് ഹൃദയാഘാതമുണ്ടായതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്. മൃതദേഹം നിപാ പ്രോട്ടോക്കോള്‍പ്രകാരം ചെമ്പ്രശേരി ഒടോമ്പറ്റ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രിയോടെ ഖബറടക്കി.
കുട്ടിയുടെ ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള സുഹൃത്തുക്കളായ ആറു പേരുടെയും നേരിട്ട് സമ്പര്‍ക്കമില്ലാത്ത, കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള പാണ്ടിക്കാട് സ്വദേശിയായ അറുപത്തെട്ടുകാരന്റെയും ഫലമാണ് നെഗറ്റീവായത്.
നിലവില്‍ 380 പേരാണ് കുട്ടിയുടെ പട്ടികയിലുള്ളത്. ഇതില്‍ 68 ആരോഗ്യപ്രവര്‍ത്തകരാണ്. 101 പേര് ഹൈ റിസ്ക് വിഭാഗത്തിലും. ഇവരുടെ സ്രവങ്ങള്‍ പരിശോധിക്കും.
Discussion about this post