അമേരിക്കയുടെ നോഹ ലൈല്‍സ് പാരീസ് ഒളിമ്പിക്‌സിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ കിഷെയ്ന്‍ തോംപ്‌സനെയാണ് പിന്തള്ളിയത്. ഇരുവരും 9.79 സെക്കന്‍ഡ് കുറിച്ചപ്പോള്‍ ഫലം നിര്‍ണയിച്ചത് ഫോട്ടോഫിനിഷിലാണ്. സെക്കന്‍ഡിന്റെ ആയിരത്തില്‍ ഒരംശത്തിന്റെ മുന്‍തൂക്കത്തിലാണ് നോഹ സ്വര്‍ണമണിഞ്ഞത്. അമേരിക്കന്‍ താരം ഫ്രെഡ് കെര്‍ലി 9.81 സെക്കന്‍ഡില്‍ വെങ്കലം കരസ്ഥമാക്കി.
എട്ടുപേര്‍ അണിനിരന്ന ത്രില്ലറില്‍ അവസാനനിമിഷംവരെ കിഷെയ്ന്‍ തോംസനായിരുന്നു മുന്നില്‍. ഫിനിഷിന് തൊട്ടുമുമ്പ് നടത്തിയ കുതിപ്പിലാണ് നോഹ സ്വര്‍ണം തൊട്ടത്. മത്സരം പൂര്‍ത്തിയായെങ്കിലും ഉടന്‍ വിജയിയെ നിര്‍ണയിക്കാനായില്ല. ഫോട്ടോഫിനിഷില്‍ നേരിയ വ്യത്യാസത്തില്‍ നോഹ ആദ്യമെത്തിയതായി തെളിഞ്ഞു. നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബബ്‌സ് അഞ്ചാമതായി.
2004ല്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണം നേടിയ ശേഷം അമേരിക്കയുടെ ആദ്യ നേട്ടമാണ്. 2008, 2012, 2016 വര്‍ഷങ്ങളില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടായിരുന്നു ചാമ്പ്യന്‍.
Discussion about this post