18-ാം ലോക്‌സഭയുടെ സ്പീക്കറായി ബി.ജെ.പി. എം.പി. ഓം ബിർളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എം.പിയാണ് അദ്ദേഹം. സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നതിനും പാർലമെന്റ് സാക്ഷ്യംവഹിച്ചു.
അപൂർവമായാണ് ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കാറുള്ളത്. പ്രതിപക്ഷവും ഭരണപക്ഷവും സമവായത്തിലെത്തിയാണ് സ്പീക്കറെ സാധാരണ തിരഞ്ഞെടുക്കാറുള്ളത്. സ്‌പീക്കർ പദവിയിലേക്ക് ഭരണപക്ഷ അംഗത്തെ തിരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകലാണ് കീഴ് വഴക്കം. എന്നാൽ കഴിഞ്ഞ രണ്ടുതവണയും പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയിരുന്നില്ല. ഇത്തവണ അംഗബലം കൂടിയ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വേണമെന്ന നിർബന്ധത്തിലായിരുന്നു പ്രതിപക്ഷം. സർക്കാർ സമവായ നീക്കങ്ങൾ നടത്തിയപ്പോൾ ഈ ആവശ്യമാണ് കോൺഗ്രസും ഇന്ത്യ സഖ്യവും മുന്നോട്ടുവച്ചത്. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ ബി.ജെ.പി ഉറപ്പ് നൽകാത്തതിനെ തുടർന്നാണ് കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയത്.
Discussion about this post