ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തിൻ്റെ അടിസ്ഥാനത്തിൽ പാർലമെന്റ്, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനുള്ള ശുപാർശ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി രാഷ്ട്രപതിക്കു നൽകി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണു നിർദേശം. 2029 മുതൽ ഒറ്റത്തിരഞ്ഞെടുപ്പ് നടത്തണമെന്നു റിപ്പോർട്ടിലെവിടെയും പറഞ്ഞിട്ടില്ല. എങ്കിലും 2029 ൽ ഒറ്റ തിരഞ്ഞെടുപ്പ് എന്നതിലേക്ക് എത്തും എന്നാണ് കരുതുന്നത്.
അങ്ങനെയെങ്കിൽ 2029 ൽ ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുകയാണെങ്കിൽ 2026 ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങും.
ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണു ശുപാർശ. തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും 18,626 പേജുള്ള റിപ്പോർട്ടിലുണ്ട്.
Discussion about this post