വായ്പ നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ ആലുങ്കൽ ഹൗസിൽ അനിൽ (39), ഈങ്ങാപ്പുഴ വള്ളിക്കുടിയിൽ വീട്ടിൽ റിഷാദ് (31)എന്നിവരാണ് അറസ്റ്റിലായത്.
ആസ്പയർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മുണ്ടേല സ്വദേശി സുനിൽ കുമാറിൽ നിന്നാണ് ഇവർ പണം തട്ടിയത്. വായ്പ ലഭിക്കാൻ ആദ്യം 10,000 രൂപ ആവശ്യപ്പെട്ടു നൽകിയ അക്കൗണ്ടിലേക്ക് സുനിൽ കുമാർ പണം അയച്ചു. തുടർന്ന് ആവശ്യപ്പെട്ട 15,000 രൂപയും ജി.എസ്.ടി അടയ്ക്കുന്നതിന് ആവശ്യപ്പെട്ട 8568 രൂപയും സുനിൽ കുമാർ അക്കൗണ്ടിലേക്ക് അയച്ചു നൽകി.
പിന്നീട് ഫോൺ എടുക്കാതെയായതോടെയാണ് സുനിൽകുമാർ സൈബർ സെല്ലിനെ സമീപിച്ചത്. പരാതി ആര്യനാട് പൊലീസിന് കൈമാറി. സുനിൽ കുമാർ പണം അയച്ചത് പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടിൽ ആണെന്നും ഈ അക്കൗണ്ടിൽ നിന്ന് അനിലിന്റെയും റിഷാദിന്റേയും അക്കൗണ്ടുകളിൽ 10 ലക്ഷം രൂപ എത്തിയതായും കണ്ടെത്തി. ഇത് തട്ടിപ്പ് പണം ആണെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post