വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരേ പ്രചാരണം നടത്തിയതിന് രജിസ്റ്റര്‍ ചെയ്തത് 14 കേസുകള്‍.
തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാട്ടും രണ്ടുവീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒരു കേസുവീതവുമാണ് രജിസ്റ്റര്‍ ചെയ്തത്. സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. എറണാകുളം ഇന്‍ഫോപാര്‍ക്ക് കേസെടുത്തത്.
ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തി. അവ നീക്കംചെയ്യുന്നതിന് നോട്ടീസും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേയുള്ള പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post