കളിയിക്കാവിള മണ്ണുമാന്തി യന്ത്രം വാങ്ങാൻ പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ക്വാറി-ക്രഷർ ഉടമ മലയിൻകീഴ് സ്വദേശി എസ്.ദീപുവിൻ്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു.സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ദീപു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമാണോയെന്ന് സംശയമുണ്ട്.
തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേയ്ഡ് ഉപയോഗിച്ചാണ് ദീപുവിന്റെ കഴുത്തറുത്തതെന്നാണു സൂചന. പ്രതിയെന്നു സംശയിക്കുന്ന ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളിയും ഭാര്യയും തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. രണ്ടു കൊലക്കേസുകളിൽ പ്രതിയാണ് അമ്പിളി. എന്നാൽ ആറ് വർഷമായി കേസുകളില്ല. കാറിൽനിന്നു കാണാതായതായി സംശയിക്കുന്ന 10 ലക്ഷം രൂപ സംബന്ധിച്ചും കൃത്യമായ വിവരമില്ലാത്തതിനാൽ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. കൂടെ കൊണ്ടുപോകാറില്ലാത്ത അമ്പിളിയെ 10 ലക്ഷം രൂപയുമായുള്ള യാത്രയിൽ എന്തിന് ദീപു കൂടെക്കൂട്ടി എന്നതിൽ പൊലീസിനു വ്യക്തതയില്ല. സ്ഥിരമായി കൂടെ യാത്ര ചെയ്യുന്ന ക്രഷർ മാനേജർ അനിൽകുമാറിനെ ഈ യാത്രയിൽ ഒപ്പം കൂട്ടിയതുമില്ല.
കരൾ രോഗവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള അമ്പിളിക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകുമോയെന്ന സംശയവും ഉണ്ട്. അമ്പിളിക്ക് കാർ ഓടിക്കാൻ അറിയില്ലെന്ന് പൊലീസ് പറയുന്നു. കാറിന്റെ ബോണറ്റ് ഉയർത്തി ഇൻഡിക്കേറ്ററുകളെല്ലാം ഓണാക്കിയ നിലയിലായിരുന്നു. വാഹനം ഓടിക്കാനറിയാത്ത അമ്പിളിക്ക് ഇതൊക്കെ ഒറ്റയ്ക്കു ചെയ്യാനാകുമോയെന്ന് പൊലീസിനു സംശയമുണ്ട്. അമ്പിളിക്ക് സ്വന്തമായി ഫോണില്ല. നെയ്യാറ്റിൻകരയിൽനിന്ന് ജെ.സി.ബി. ഡ്രൈവർ വാഹനത്തിൽ കയറുമെന്നാണു ദീപു സുഹൃത്തിനോട് ഫോണിൽ പറഞ്ഞത്. എന്നാൽ, ഡ്രൈവറിനു പകരം അമ്പിളിയാണു കയറിയത്.
സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന ദീപുവിൻ്റെ ഇൻഷുറൻസ് പോളിസികൾ സംബന്ധിച്ചും തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നതായി സൂചനയുണ്ട്.
Discussion about this post