ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തിരുവല്ലം പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രന്‍, പാറശാല സ്വദേശി മണികണ്ഠന്‍ എന്നിവരെയാണ് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി സജികുമാറിനെ കളിയിക്കാവിളയിലെത്തിച്ച സുനില്‍കുമാറിന്റെ സുഹൃത്താണ് പ്രദീപ്. സുനിലിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളാണ് മണികണ്ഠന്‍. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. സുനില്‍കുമാര്‍ ഒളിവില്‍ പോകുന്നതിനുമുമ്പ് പ്രദീപ് ചന്ദ്രനെ ഫോണ്‍ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കുഴിത്തുറ കോടതി റിമാന്‍ഡ് ചെയ്ത സജികുമാറിനെ നാഗര്‍കോവിലിലെ ജയിലിലേക്ക് മാറ്റി. ഇയാള്‍ക്കുവേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
കൊലപാതകം ആസൂത്രണം ചെയ്തതില്‍ പ്രദീപിനും പങ്കുണ്ടെന്നാണ് നിഗമനം. സജിയെ കളിയിക്കാവിളയില്‍ എത്തിച്ചത് താനും സുനിലും ചേര്‍ന്നാണെന്ന് പ്രദീപ് മൊഴി നല്‍കിയിട്ടുണ്ട്. ദീപുവിനെ കൊലപ്പെടുത്താന്‍ സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, ഗ്ലൗസ് എന്നിവ നല്‍കിയ സര്‍ജിക്കല്‍ സ്റ്റോര്‍ ഉടമ പൂങ്കുളം സ്വദേശി സുനില്‍കുമാര്‍ ഒളിവിലാണ്. പണത്തിനായി നടത്തിയ കൊലപാതകമാണെന്നും പിന്നില്‍ കൂടുതലാളുകള്‍ ഉണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. സുനിലിനെ സഹായിക്കാന്‍ മറ്റൊരാള്‍ കൂടിയുണ്ടെന്നതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു.അതേസമയം സുനില്‍കുമാര്‍ മൊബൈല്‍ ഉപയോഗിക്കാത്തത് പൊലീസിനെ കുഴക്കുകയാണ്. കൃത്യത്തിനുശേഷം സജികുമാറിന് ധരിക്കാന്‍ ഷര്‍ട്ടും പാന്റും വാങ്ങി നല്‍കിയത് സുനില്‍കുമാറാണെന്നാണ് സജി മൊഴി നല്‍കിയത്. കൊലപാതക ശേഷം കാറിലെത്തി കൂട്ടിക്കൊണ്ടുപോകാമെന്ന് സുനില്‍ പറഞ്ഞിരുന്നു. എന്നാല്‍, കൃത്യത്തിനുശേഷം ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നതായും സജിയുടെ മൊഴിയിലുണ്ട്. സുനില്‍കുമാറിന്റേതുതന്നെയായിരുന്നോ ക്വട്ടേഷന്‍ എന്നതും പരിശോധിക്കുന്നുണ്ട്.
ക്വാറി ഉടമ മലയം ചൂഴാറ്റുകോട്ട സ്വദേശി ദീപുവിനെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ ചൂഴാറ്റുകോട്ട അമ്പിളിയെന്ന ഷാജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
Discussion about this post