കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസര്‍വ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി. ഭരണ സമിതിയില്‍ രാഷ്ട്രിയ നോമിനികള്‍ക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകള്‍ ഇല്ലാത്തതും ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.ഒപ്പം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പകള്‍ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടി. രണ്ട് ലക്ഷത്തില്‍ അധികം വരുന്ന സ്വര്‍ണ പണയത്തിന് മേല്‍ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സി ക്ലാസ് പട്ടികയിലേക്കുള്ള തരംതാഴ്ത്തല്‍.
ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. നല്കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദേശമുണ്ട്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
വായ്പ നിയന്ത്രണത്തില്‍ വിവിധ ശാഖകള്‍ക്ക് കേരളാ ബാങ്ക് കത്തയച്ചു. റിസര്‍വ് ബാങ്കിന്റെ പുതിയ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തില്‍ വ്യക്തിഗത വായ്പകള്‍ 25 ലക്ഷത്തില്‍ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്. 25 ലക്ഷത്തിന് മുകളില്‍ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്തില്‍ പറയുന്നു.
Discussion about this post