കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ബുധനാഴ്ച തീരുമാനം അറിയിക്കാനും കോടതി നിര്‍ദേശം നല്കി.
കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യത്തിന് ഇളവ് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വാദിച്ചു. ബെയില്‍ ഔട്ട് നല്‍കുക സാധ്യമല്ലെന്നും ഏപ്രില്‍ ഒന്നിന് അയ്യായിരം കോടി നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.
പത്തു ദിവസത്തേക്കുള്ള ഇളവ് അനുവദിച്ചൂകൂടെ എന്ന് ചോദിച്ച കോടതി ബുധനാഴ്ച രാവിലെ 10.30ന് തീരുമാനം അറിയിക്കാന്‍ നിര്‍ദ്ദേശം നല്കി. കേരളത്തിന് ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമാണ് അറിയിക്കേണ്ടത്. അടുത്ത പത്തുദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് പരിഗണിക്കണം. ഈ സാമ്പത്തിക വര്‍ഷമാണ് പ്രശ്നമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പരമാവധി കൊടുത്തു കഴിഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എങ്കിലും പ്രത്യേക സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ ചെറിയ ഇളവ് കൊടുത്താല്‍ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി ആരാഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിശാലമനസോടെ പ്രവര്‍ത്തിക്കണം. പത്തുദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് പരിഗണിക്കണം. അടുത്ത സാമ്പത്തിക വര്‍ഷം കടുത്ത നിബന്ധകള്‍ വയ്ക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് തീരുമാനം ബുധനാഴ്ച അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
Discussion about this post