ഉരുള്‍പൊട്ടല്‍ തകര്‍ത്ത മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഏഴാം ദിനത്തിലേക്ക്. ചാലിയാര്‍ പുഴയില്‍ മൃതദേഹങ്ങള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ഇന്നലെ ചാലിയാറില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌കരിച്ചു. മരണസംഖ്യ 369 ആയി.
53 ക്യാമ്പുകളിലായി 6759 പേരാണു കഴിയുന്നത്. ബെയ്‌ലി പാലം കടന്നു ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇന്നു മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒന്‍പതു വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നതു തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.
മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം തയാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്.












Discussion about this post