ബി.ജെ.പി. വിടാന്‍ ഇടയ്ക്ക് തീരുമാനിച്ച ശോഭാ സുരേന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി വടക്കാഞ്ചേരിയില്‍നിന്ന് മത്സരിക്കാന്‍ ശ്രമം നടത്തിയതായി ടി.ജി.നന്ദകുമാറെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ ഇ.പി.ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ശോഭാ സുരേന്ദ്രനും പറഞ്ഞു. വെണ്ണലയിലുള്ള നന്ദകുമാറിന്റെ വീട്ടില്‍വച്ചും ഡല്‍ഹിയിലെ ലളിത് ഹോട്ടലിലും തൃശൂര്‍ രാമനിലയത്തില്വച്ചുമാണ് കൂടിക്കാഴ്ചകള്‍ നടത്തിയതെന്നും ശോഭാ സുരേന്ദ്രന് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇ.പി.ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞ് നന്ദകുമാറായിരുന്നു ഈ നീക്കത്തിനു പിന്നിലെന്നും അവര്‍ പറയുന്നു.
അതേസമയം ശോഭാ സുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടെതെന്നും ഇ.പി.ജയരാജന് പറഞ്ഞു. തന്നെപ്പോലെയുള്ളൊരാള്‍ക്ക് ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ടകാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. രണ്ടുവര്‍ഷമായി ഡല്‍ഹിയില്‍ പോയിട്ടെന്നും ലളിത് ഹോട്ടലില്‍ ഇതുവരെ പോയിട്ടില്ലെന്നും ഇ.പി. പറഞ്ഞു.
ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്ന് നന്ദകുമാറും ഒരു അഭിമുഖത്തില്‍ പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പി. ജയരാജന് ഒരു റോളുമില്ല. ജയരാജന്റെ മകന്റെ ഫ്ളാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയില്‍ ശോഭ സുരേന്ദ്രന് ഇല്ലായിരുന്നു. അവര്‍ക്കു പങ്കുമില്ലെന്നു് നന്ദകുമാര്‍ പറഞ്ഞു. ശോഭ സുരേന്ദ്രന്- കെ.സുധാകരന് കൂട്ടുകെട്ട് ഉല്പാദിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെളിവ് സഹിതം ശോഭയെ നേരിടാന്‍ തയാറാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
Discussion about this post