ലോകമെമ്പാടുമുള്ള അത്ലറ്റുകൾ ലോക കായിക മാമാങ്കമായ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പാരീസിൽ എത്തി. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്കുമുമ്പേ ഫുട്ബോളും ഹാൻഡ് ബോളും റഗ്ബിയും അമ്പെയ്ത്തും തുടങ്ങി. ഇന്ന് ഉദ്ഘാടനച്ചടങ്ങുകൾമാത്രം. ഇന്ത്യൻ സമയം രാത്രി 11ന് തുടങ്ങുന്ന പരിപാടികൾ പുലരുംവരെ നീളും. നാളെമുതൽ ഒട്ടുമിക്ക കളിക്കളങ്ങളും ഉണരും. ഉദ്ഘാടനച്ചടങ്ങിൻ്റെ മുഖ്യ ആകർഷണം സെൻ നദിയിലൂടെയുള്ള അത് ലറ്റുകളുടെ മാർച്ച് പാസ്റ്റാണ്. ഏകദേശം 7000 അത് ലറ്റുകൾ 160 കൂറ്റൻ ബോട്ടുകളിൽ നദിയിലൂടെ സഞ്ചരിച്ചശേഷമാകും ഉദ്ഘാടനം. സ്റ്റേഡിയത്തിൽ നടക്കാറുള്ള അത് ലറ്റുകളുടെ മാർച്ച് പാസ്റ്റ് പാരിസ് നഗരത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ നടക്കുന്നുവെന്നതാണ് സവിശേഷത. ആറു കിലോമീറ്ററാണ് യാത്ര. ഓസ്റ്റർ ലിറ്റ്സ് പാലത്തിനടുത്തുനിന്ന് തുടങ്ങുന്ന ‘ബോട്ട് മാർച്ച്’ ഈഫൽ ഗോപുരത്തിന് അഭിമുഖമായുള്ള തുറന്നവേദിയായ ദ്രൊക്കാഡെറൊ സ്ക്വയറിൽ അവസാനിക്കും. ഇവിടെയാണ് അത് ലറ്റുകളുടെ സംഗമം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കും. നൂറോളം ലോകനേതാക്കൾ പങ്കെടുക്കും. കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്ന നൃത്ത- സംഗീത പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഫ്രഞ്ച് കലയും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ദൃശ്യമേളമാക ഒരുക്കുക.
അത്ലറ്റിക്സിലെ ത്രസിപ്പിക്കുന്ന മത്സരങ്ങൾ ആഗസ്ത് ഒന്നിന് തുടങ്ങും.
Discussion about this post