മദ്യാപാന സദസ്സില്‍ വെളിപ്പെട്ട ഒരു ഊമക്കത്തായി പൊലീസിന് ലഭിച്ചപ്പോള്‍ 15 വര്‍ഷം മുമ്പ് ഒരു യുവതിയെ കാണാതായ സംഭവം കൊലപാതകമാണെന്നു വെളിപ്പെടുന്നു. ചെന്നിത്തല- തൃപ്പെരുംതുറ പഞ്ചായത്ത് ഇരമത്തൂര്‍ രണ്ടാം വാര്‍ഡില്‍ കല എന്ന ശ്രീകലയെ ഭര്‍ത്താവ് അനില്‍കുമാര്‍ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്നാണ് തെളിയുന്നത് സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്.
കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് അനിലിന്റെ ബന്ധു സുരേഷാണ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2009 ല്‍ അനില്‍ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നല്‍കി.
കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനില്‍ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാന്‍ സഹായിക്കണമെന്നായിരുന്നു അനിലിന്റെ ആവശ്യം. എന്നാല്‍ കൊലപാതകത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്ന് അറിയിച്ച് താന്‍ മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനില്‍കുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനില്‍കുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു. കേസില്‍ പരാതിക്കാരനും സുരേഷാണ്.
കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോള്‍ വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനില്‍. കല വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഒന്നര വര്‍ഷം കഴിഞ്ഞാണ് അനില്‍ നാട്ടില്‍ എത്തിയത്. നാട്ടിലെത്തിയ അനില്‍ കലയെ കൂട്ടിക്കൊണ്ടുവന്ന് ബന്ധുക്കളായ അഞ്ചുപേര്‍ക്കൊപ്പം വിനോദയാത്രക്കെന്നും പറഞ്ഞ് കൊണ്ടുപോയി കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിലിട്ടു.
സെപ്റ്റിക് ടാങ്കില്‍ ശരീരാവശിഷ്ടങ്ങള്‍ നശിക്കാനുള്ള കെമിക്കല്‍ ഒഴിച്ചിരുന്നെന്ന് മാന്നാറില്‍ മൃതദേഹം കുഴിച്ചെടുത്ത സോമന്‍ പറഞ്ഞു. അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കില്‍ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളില്‍ പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ ഇട്ട് മൂടിയ നിലയില്‍ ആയിരുന്നെന്നും സോമന്‍ പറഞ്ഞു.
ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിലാണ് മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും അമ്മയെ തിരിച്ച് കൊണ്ട് വരും എന്നാണ് വിശ്വാസമെന്നും ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞുവെന്നും കലയുടെ മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛന്‍ പറഞ്ഞതായി കലയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.












Discussion about this post