കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പതിമൂന്നാം ദിനത്തിൽ. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ധർ ആഴത്തിൽ മുങ്ങിയുള്ള തിരച്ചിൽ ഇന്നും തുടരും. മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ചെളിനിറഞ്ഞ പുഴയിൽ ശക്തമായ ഒഴുക്കും പാറക്കല്ലും മണ്ണും മരത്തിന്റെ അവശിഷ്ടങ്ങളുമുള്ളതുമാണ് ദൗത്യത്തിന് തടസ്സം.
ഉഡുപ്പി മൽപെയിലെ മത്സ്യതൊഴിലാളികൾ ശനിയാഴ്ച മുഴുവൻ തിരഞ്ഞെങ്കിലും ട്രക്കിനടുത്തെത്താൻ പോലുമായില്ല. ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ഏഴുതവണ പുഴയിൽ മണിക്കൂറുകളോളം മുങ്ങിത്തപ്പി. ഈശ്വർ മൽപെ നടത്തിയ മൂന്നാമത്തെ മുങ്ങലിൽ വടം പൊട്ടി. നൂറുമീറ്റർ അകലെ മൂന്നുമിനിറ്റിന് ശേഷമാണ് മൽപെ പൊങ്ങിയത്. വൈകിട്ട് ഏഴോടെ തിരച്ചിൽ അവസാനിപ്പിച്ചു.
അർജുൻ പുഴയിലുണ്ടോ എന്നുറപ്പിക്കാനുള്ള ശ്രമമാണ് തുടരുന്നതെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു. കാന്തം കയറിൽ കെട്ടി വെള്ളത്തിലിറക്കിയുള്ള പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
കരയിൽനിന്ന് 132 മീറ്റർ അകലെ നാലാമത്തെ പോയിന്റിൽ കാബിൻ മുകളിലോട്ടായി അർജുന്റെ ട്രക്കുണ്ടെന്നാണ് ഐ ബോർഡ് റഡാറിൻ്റെ കണ്ടെത്തൽ.
തിരച്ചിൽ ഇനിയെങ്ങനെ തുടരണമെന്നത്, ഞായറാഴ്ച രാവിലെ തീരുമാനിക്കുമെന്ന് കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരിൽ തുടരുകയാണ്.
Discussion about this post