മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് ജോഷിയുടെ വീട്ടില്‍നിന്ന് ഒരു കോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കള്ളന് വേറെ ലെവല്‍. ഇന്ത്യയിലെങ്ങും വന്‍നഗരങ്ങളിലെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാര്‍ സ്വദേശി 35 കാരനായ മുഹമ്മദ് ഇര്‍ഫാനെ ഇന്നലെ പിടികൂടിയതോടെയാണ് ഇയാളെക്കുറിച്ചുള്ള കഥകള്‍ പുറത്തുവരുന്നത്. മോഷ്ടിച്ച പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ഇയാള്‍ ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്നാണറിയപ്പെടുന്നത്. വിലകൂടിയ കാറുകളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് രീതി. റോബിന്‍ഹുഡ് സിനിമകളില്‍ ആകൃഷ്ടനായാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് ഇര്ഫാന് പുണെ പൊലീസിനോട് പറഞ്ഞത്. വലിയ നഗരങ്ങളില്‍ ഇയാള്‍ക്ക് ഒന്നിലധികം ഫ്ലാറ്റുകളുണ്ടെന്ന് പുനെ പോലീസ് പറയുന്നു. മോഷണക്കേസുകളില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഉടന്‍ അടുത്ത നഗരം ലക്ഷ്യംവച്ച് പോകും. പന്ത്രണ്ടു നഗരങ്ങളിലായി 40 കവര്‍ച്ചകള്‍ നടത്തിയതായാണ് കുറ്റസമ്മതം. ഏറ്റവുമൊടുവില്‍ പിടിയിലായത് കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നിന്നാണ്.
കള്ളനാണെങ്കിലും ഇര്ഫാന് മനുഷ്യത്വമുള്ള, നന്മനിറഞ്ഞ കള്ളനാണ്. കക്കുന്നത് സമ്പന്നരുടെ വീടുകളില്‍. മോഷണം നടത്തിക്കിട്ടുന്നതില് നിന്ന് പാവങ്ങള്‍ക്ക് സഹായം നല്‍കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുനെയിലെ ആഡംബര പാര്‍പ്പിട സമുച്ചയേ മഖലയില്‍ നടത്തിയ മോഷണത്തിന് ഇയാള്‍ പിടിയിലായിരുന്നു. മോഷണമുതലില്‍ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമര്‍ഹി ജില്ലയില്‍പ്പെടുന്ന ജോഗിയ പഞ്ചായത്തിലെ ഏഴ് ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ പണിതു നല്‍കിയിരുന്നു. മാത്രമല്ലനിര്ധന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. സീതാമര്‍ഹിയിലെ പുപ്രി ഗ്രാമം കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ ജില്ലാ പരിഷത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ അനായാസം വിജയിച്ചിരുന്നു.
ജോഷിയുടെ വീടിന്റെ അടുക്കളഭാഗത്തുള്ള ജനല്‍വഴിയാണ് ഇര്ഫാന് മോഷണത്തിനായി അകത്തുകടന്നത്. ഈ ജനലിന് അഴികളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുത്തിപ്പൊളിക്കാതെയാണ് അകത്തു കയറിയിരിക്കുന്നത്. മോഷണശേഷം അടുക്കളവാതില്‍ തുറന്നാണ് പുറത്തുകടന്നത്. ജോലിക്കാര്‍ രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ അടുക്കളവാതിലും ജനലും തുറന്നുകിടക്കുന്നത് കണ്ടാണ് മോഷണം സംശയിച്ചത്. പരിശോധനയില്‍ മുകള്‍നിലയിലെ മുറിയിലെ ഷെല്‍ഫ് കുത്തിത്തുറന്നതായുംകണ്ടു.ആകെ തുമ്പായി കിട്ടിയത് വീട്ടിലെ സി.സി.ടി.വി.യില്‍ നിന്നുള്ള അവ്യക്തദൃശ്യം. തൊപ്പിവച്ച് മാസ്ക് കൊണ്ട് മുഖം മറച്ച ഒരാളുടെ പാതിഭാഗം മാത്രമേ അതില്‍ പതിഞ്ഞുള്ളൂ. ചുറ്റമുള്ള വീടുകളിലെയും വഴിയിലെയും സി.സി.ടി.വികളില്‍ മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ചിലതിലുണ്ട്. പക്ഷേ പുലര്‍ച്ചെയായതിനാല്‍ നിഴല്‍രൂപം മാത്രം. അവസാനം പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഒരു ക്രോസ് റോഡിന് സമീപം പാര്‍ക്ക് ചെയ്ത കാറിലേക്ക് ഒരാള്‍ കയറുന്ന ദൃശ്യം കിട്ടി. ജോഷിയുടെ വീട്ടിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യത്തിലുള്ളയാളെപ്പോലൊരാള്. ആ ദൃശ്യം കാണിച്ചപ്പോള്‍ ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷ് ജോഷിയുടെ ഭാര്യ വര്‍ഷ, കള്ളന് കൊണ്ടുപോയ സ്വന്തം ബാഗ് തിരിച്ചറിഞ്ഞു. അവിടെനിന്ന് മോഷ്ടാവ് കുടുങ്ങാന്‍ തുടങ്ങുകയായിരുന്നു. വെള്ള കാര്‍. നമ്പര്‍ അവ്യക്തം. വൈറ്റിലയിലേക്കുള്ള റോഡിനരികിലെ ക്യാമറയില്‍ നിന്ന് ശനിയാഴ്ച ഉച്ചയോടെ കാറിന്റെ ദൃശ്യം തെളിമയോടെ കിട്ടി. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനത്തില്‍ ഹിന്ദിയില്‍ ‘അധ്യക്ഷ് ജില്ലാ പരിഷത്ത് സിതാമര്‍ഹി’ എന്ന പേര്. പുലര്‍ച്ച രക്ഷപ്പെട്ടയാള്‍ പന്ത്രണ്ടുമണിക്കൂര്‍ കൊണ്ട് എവിടെയെത്തിക്കാണും എന്നതിലേക്കായി പിന്നെ അന്വേഷണം. കേരളത്തിലെ എല്ലാ പൊസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. കാറിന്റെ ഫോട്ടോയും അയച്ചുകൊടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷനായതിനാല്‍ വടക്കന്‍ ജില്ലകളിലേക്കാണ് കൂടുതല്‍ ശ്രദ്ധിച്ചത്. കാര്‍ ഉച്ചയോടെ കേരള അതിര്‍ത്തി കടന്നു എന്ന വിവരം വൈകിട്ട് നാലുമണിയോടെ ലഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മോഷണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട ഇര്‍ഫാനെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് വൈകിട്ട് അഞ്ചുമണിയോടെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്. മോഷണത്തിനുമാത്രമായി മുഹമ്മദ് ഇര്ഫാന് കാറില്‍ കൊച്ചിയിലെത്തുകയായിരുന്നുവെന്ന് പറയുന്നു. ബിഹാറിലെ സീതാമര്‍ഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷന്‍ എന്ന ബോര്‍ഡുവച്ച കാറായതുകൊണ്ട് ചെക് പോസ്റ്റുകളില്‍ പരിശോധനയില്ലാതെ കേരളത്തിലെത്തുകയും മോഷണം നടത്തി മടങ്ങുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രജിസ്ട്രേഷന് നമ്പര്‍ തിരിച്ചറിഞ്ഞ് ഇതരസംസ്ഥാനസേനകളുടെ സഹായത്തോടെ കൊച്ചി പൊലീസ് നടത്തിയ വ്യാപക പരിശോധനയില്‍ ഉഡുപ്പിക്കടുത്ത് കോട്ട സ്റ്റേഷന്‍പരിധിയില്‍ കാര്‍ കണ്ടെത്തുകയും ഇര്‍ഫാനെ പിടികൂടുകയുമായിരുന്നു.
സ്വര്‍ണ വജ്രാഭരണങ്ങളടക്കം ഒരുകോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ജോഷിയുടെ വീട്ടില്‍നിന്ന് ഇര്ഫാന് കവര്‍ന്നത്. വജ്ര നെക്ലേസ്, 10 വജ്രമോതിരങ്ങള്‍, 12 വജ്രം പതിച്ച കമ്മലുകള്‍, സ്ത്രീകള്‍ വിവാഹത്തിന് കൈയിലണിയുന്ന സ്വര്‍ണത്തിന്റെ രണ്ട് വങ്കി, 10 സ്വര്‍ണമാലകള്‍, 10 വാച്ചുകള്‍ എന്നിവയാണ് മോഷണം പോയത്. ഇവയെല്ലാം കാറില്‍നിന്നു കണ്ടെടുത്തു.അതിന്റെ ഫോട്ടോയെടുത്ത് കര്‍ണാടക പൊലീസ് കൊച്ചി പൊലീസിനയച്ചു. പൊലീസ് ജോഷിയുടെ വീട്ടിലെത്തി ഉഡുപ്പിയില്‍ നിന്ന് കിട്ടിയ ആഭരണങ്ങളുടെ ചിത്രം ജോഷിയുടെ കുടുംബാംഗങ്ങളെ കാണിച്ച് നഷ്ടപ്പെട്ടവ തന്നെയെന്ന് ഉറപ്പിച്ചു. ഇതോടെ വമ്പന്‍ കവര്‍ച്ചയിലെ നന്മയുള്ള കള്ളന് അഴിക്കുള്ളിലാവുകയും ചെയ്തു.
Discussion about this post