ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. നരേന്ദ്രമോദിക്കൊപ്പം കാബിനറ്റ് പദവിയുള്ള 30 പേരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും ഉള്‍പ്പെടെ 71 പേര് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന് അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ ചേരും. ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കും. പദ്ധതി പ്രകാരം നിര്‍ധനരായ രണ്ട് കോടി പേര്‍ക്ക് കൂടി വീട് വച്ച് നല്‍കും. പദ്ധതിയുടെ കേന്ദ്ര വിഹിതം 50 % വരെയെങ്കിലും കൂട്ടും. ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാണ് നീക്കം. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് തീരുമാനം ആകും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. എന്‍.ഡി.എ.യിലെ സഖ്യകക്ഷികളില്‍നിന്ന് എച്ച്.ഡി. കുമാരസ്വാമിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍നിന്നുള്ള സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചായായി അധികാരമേല്‍ക്കുന്നത്. രണ്ടാം മോദി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പല പ്രമുഖരെയും നിലനിര്‍ത്തിയിട്ടുണ്ട്. ക്യാബിനറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിര്‍ത്തി.
72 അംഗ മന്ത്രിസഭയില്‍ 61 മന്ത്രിസ്ഥാനങ്ങള്‍ ബി.ജെ.പി. എടുത്തപ്പോള്‍ സഖ്യകക്ഷികള്‍ക്ക് ലഭിച്ചത് 5 ക്യാബിനറ്റ് പദവി ഉള്‍പ്പെടെ 11 സ്ഥാനങ്ങള്‍ മാത്രം. ജെഡിയു, ടി.ഡി.പി. പാര്‍ട്ടികള്‍ക്കും ലഭിച്ചത് ഓരോ ക്യാബിനറ്റ് പദവികള്‍ മാത്രം. അര്‍ഹതപ്പെട്ട പദവികള്‍ ലഭിക്കാത്തത്തില്‍ സഖ്യകക്ഷികള്‍ക്ക് അതൃപ്തിയിലാണ്. ക്യാബിനറ്റ് പദവി ലഭിക്കാത്തതോടെ മന്ത്രിസഭായുടെ ഭാഗമാകാതെ അജിത് പവാര്‍ പക്ഷം മാറി നില്‍ക്കുന്നത് ബിജെപിക്ക് പ്രതിസന്ധിയാണ്.
Discussion about this post