വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നിരാശ നല്കുന്ന ഒരു റിയല്‍ കേരള സ്റ്റോറിയാവുകയാണ് സൗദി അറേബ്യയില്‍നിന്ന് വധശിക്ഷയില്‍ ഇളവ് നേടാന്‍ അബ്ദുല്‍ റഹീം എന്ന കോഴിക്കോടുകാരനുവേണ്ടി മോചന ദ്രവ്യമായി 34 കോടി രൂപ സമാഹരിച്ച സംഭവം. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ കേരളം ഒരുമിച്ചപ്പോള്‍ അഞ്ച് കോടി മാത്രമായിരുന്ന തുക നാല് ദിവസം കൊണ്ട് 32 കോടിയിലേക്കെത്തി. സമാനതകളില്ലാത്ത കാരുണ്യ മാതൃകയാവുകയാണ് അബ്ദുള്‍ റഹീമിന്റെ മോചനത്തിനു വേണ്ടിനടന്ന ധനശേഖരണം. അബ്ദുല്‍റഹീം തിരിച്ചെത്തുന്നതും പ്രതീക്ഷിച്ച് 18 വര്‍ഷമായി കണ്ണീരോടെ കാത്തിരുന്ന എഴുപത്തഞ്ചുകാരിയായ അമ്മ ഫാത്തിമ പ്രാര്‍ഥനകള്‍ക്കാണ് ഇതോടെ ഫലമുണ്ടായിരിക്കുന്നത്.
അബ്ദുല്‍ റഹീമിന് വധശിക്ഷ ലഭിക്കാന്‍ കാരണമായ സംഭവം നടക്കുന്നത് 2006ലാണ്. 2006ല്‍ റിയാദില്‍ ഡ്രൈവര്‍ ജോലിക്കെത്തിയ അബ്ദുല്‍ റഹീമിന്റെ സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ശഹ്രിയുടെ മകനായ 15കാരന് അനസ് അല്‍ശഹ്രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത്. അനസുമായി വാഹനത്തില്‍ പോകുന്നതിനിടെ അബദ്ധത്തില്‍ കഴുത്തിലെ ഉപകരണത്തില്‍ അബ്ദുല്‍റഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു. 2006ല്‍ റിയാദില്‍ ജോലിക്കെത്തി ഒരുമാസം തികയുംമുമ്പേ ആയിരുന്നു സംഭവം.
മോചനദ്രവ്യമായ തുക ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതായതോടെ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത സജീവമായി. ഇതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികള്‍ കൈയയച്ച് സഹായിക്കുകയായിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ബോബി ചെമ്മണ്ണൂര്‍ യാചകയാത്ര നടത്തി. പ്രവാസി ലോകവും വലിയതോതില്‍ സഹായിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായിരുന്നു ധനശേഖരണത്തിനുള്ള ജനകീയ സമിതിയുടെ രക്ഷാധികാരികള്‍. റഹീമിന്റെ മോചനത്തോടെ സാധ്യമാകുന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ കൂട്ടായ്മയുടെ മറ്റൊരു മാതൃകയാണ്.
Discussion about this post