ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികളാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തെ ഗൂഢാലോചന കുറ്റത്തില്‍ ഇവര്‍ക്ക് വീണ്ടും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത് സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാണ് ഹര്‍ജി. 12 വര്‍ഷമായി ജയിലാണെന്നും ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു, കെ.കെ. കൃഷ്ണന് എന്നിവരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവര്‍ അപ്പീല്‍ നല്‍കിയത്. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനിടെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Discussion about this post