മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെത്തുടര്‍ന്ന് ഇന്നും വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ രണ്ടു വിമാനങ്ങളും നെടുമ്പാശേരിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്‍ഡിഗോ, ആകാശ എയര്‍, സ്പൈസ്ജെറ്റ്, എയര്‍ഇന്ത്യ, വിസ്താര തുടങ്ങി പ്രമുഖ വിമാനക്കമ്പനികളുടെ ബുക്കിങ്, ചെക്ക്ഇന്‍, ബോര്‍ഡിങ് സേവനങ്ങളാണ് വിന്‍ഡോസ് തകരാറുമൂലം അവതാളത്തിലായത്. തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത സാങ്കേതികപ്രശ്നം കാരണമാണ് പ്രതിസന്ധി എന്നതിനാല്‍ മറ്റൊരു ദിവസം ടിക്കറ്റ് നല്‍കുകയോ, ടിക്കറ്റിന്റെ പണം മടക്കി നല്‍കുകയോ ഉണ്ടാകില്ലെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെയാണ് ലോകത്തെ ഐ.ടി. സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ സൈബര്‍ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് വെള്ളിയാഴ്ച രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഇന്ത്യ, ഓസ്ട്രേലിയ, ജര്‍മനി, യു.എസ്., യു.കെ. ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐ.ടി. സംവിധാനങ്ങളെ ഈ സൈബര്‍ തകരാര്‍ ബാധിച്ചു. ഇതോടെ നിരവധി സൈബര്‍ സേവനങ്ങളും ഏറെ നേരം നിശ്ചലമായി. ബാങ്കുകള്‍, വിമാനക്കമ്പനികള്‍, ആരോഗ്യ സംവിധാനങ്ങള്‍, അടിയന്തര സേവനങ്ങള്‍ ഉള്‍പ്പെടെ സൈബറിടത്തെ തകരാര്‍ മൂലം തടസപ്പെട്ടു.
Discussion about this post