ഖത്തറിൽനിന്ന് സ്വർണം കടത്തിയ യാത്രക്കാരനും കടത്തിക്കൊണ്ടുവന്ന സ്വർണം കവർച്ചചെയ്യാൻ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും പിടിയിലായി. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനും സ്വർണം കവർച്ചക്കെത്തിയ ആറ് പേരടങ്ങുന്ന സംഘവുമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുവച്ച് അറസ്റ്റിലായത്.
ലബീബ് സ്വർണവുമായി പുറത്തിറങ്ങിയ ശേഷം യാത്രക്കിടയിലോ മറ്റോ സ്വർണം തട്ടിയെടുക്കുക എന്നതായിരുന്നു പദ്ധതി. സ്വർണം കടത്തിയ ആളും കവർച്ചാ സംഘവും അറിഞ്ഞുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. സ്വർണം കൊണ്ടുവന്നത് മറ്റൊരു പാർട്ടിക്ക് വേണ്ടിയായിരുന്നതിനാൽ അവരെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കുക എന്നതായിരുന്നു പദ്ധതി.
എന്നാൽ പദ്ധതി സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള പരിസരത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ സംശയാസ്പദമായ രീതിയിൽ നിലയുറപ്പിച്ച കണ്ണൂർ പാനൂർ സ്വദേശികളായ നിധിൻ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവർച്ചാ സംഘത്തിന്റെ വിശദമായ പദ്ധതി വ്യക്തമായത്. വിമാനത്താവളത്തിന് പുറത്ത് മറ്റൊരു കാറിൽ പാനൂർ സ്വദേശികളായ അജ്മൽ (36), മുനീർ (34), നജീബ് (45) എന്നിവർ ഉണ്ടെന്ന് ഇവരിൽനിന്ന് വിവരം ലഭിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫസൽ എന്നയാളാണ് സ്വർണവുമായി വരുന്ന യാത്രക്കാരന്റെ വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയത്.
കസ്റ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞ് സ്വർണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടി. 56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയിട്ടും കസ്റ്റംസ് പരിശോധനയിൽ പിടി കൂടിയിരുന്നില്ല. ഇയാൾ പൊലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്ത കവർച്ചാസംഘത്തിലെ മൂന്നുപേർ പദ്ധതി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എന്നാൽ കവർച്ചാസംഘത്തെ പിന്തുടർന്ന പൊലീസ് കണ്ണൂർ ചൊക്ലിയിൽവച്ച് അവരെ പിടികൂടി. കടത്ത് സ്വർണം കവർച്ചചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.
Discussion about this post