തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവര്‍ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഡി.ടി.ഒയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9.45ന് തിരുവനന്തപുരം പ്ലാമൂട് വച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. മേയര്‍ക്കൊപ്പം ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയും വാഹനത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാത്രിതന്നെ മേയര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഇതിനു മുന്‍പുള്ള ഒരു കേസിലും കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാരുടെ ഭാഗം മാധ്യമങ്ങള്‍ കേട്ടിട്ടില്ല. അപ്പുറത്ത് രണ്ട് ജനപ്രതിനിധികള്‍ ആയതുകൊണ്ട് ബോധപൂര്‍വം കരിവാരി തേയ്ക്കുകയാണെന്നും വാഹനം തങ്ങള്‍ തടഞ്ഞിട്ടില്ലെന്നും മേയര്‍ ആര്യ രാജേന്ദ്രന് പ്രതികരിച്ചു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കാന്‍ വേണ്ടിയാണ് താന്‍ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ക്കെതിരെ പ്രതികരിച്ചത്. ലഹരി ഉപയോഗിച്ചാണ് ഡ്രൈവര്‍ വാഹനം ഓടിച്ചത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് ചെറിയ കാര്യമല്ല. വളരെ മോശമായാണ് ഡ്രൈവര്‍ സംസാരിച്ചതെന്നും മേയര്‍ പറഞ്ഞു.
Discussion about this post