മദ്യലഹരിയില്‍ 17കാരന് ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തിലെ വാഹനത്തിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയില്ല. 1758 രൂപ ഫീസ് അടയ്ക്കാത്തതിനാലാണ് രജിസ്ട്രേഷന് പൂര്‍ത്തിയാകാത്തത്. എന്നോല്‍ വാഹനത്തിന് കര്‍ണാടകയില്‍ നിന്ന് ലഭിച്ച താല്കാലിക രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ട്. ആറുമാസം കാലാവധിയുള്ള ഈ സര്‍ട്ടിഫിക്കറ്റ് 2024 മാര്‍ച്ചിലാണ് ലഭിച്ചത്. സെപ്റ്റംബര്‍ വരെയാണ് താത്കാലിക സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. ബെംഗളൂരുവിലുള്ള ഡീലറാണ് കാര്‍ ഇറക്കുമതി ചെയ്ത് കര്‍ണാടകയില്‍ താല്കാലിക രജിസ്ട്രേഷന് നടത്തി ഉടമയ്ക്ക് കൈമാറിയത്. താല്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ ആര്.ടി.ഒ. ഓഫീസിലേക്കും തിരിച്ചും മാത്രമേ ഓടിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം.
വൈദ്യുതവാഹനങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ നികുതി ഇളവുണ്ട്. അതുകൊണ്ടുതന്നെ പോര്‍ഷെ ടയ്കാന്റെ ആകെ രജിസ്ട്രേഷന് ഫീസ് 1758 രൂപ മാത്രമാണ്. 1500 രൂപ ഫീസ്, സ്മാര്‍ട്ട കാര്‍ഡ് ആര്.സിയ്ക്കുവേണ്ടി 200 രൂപ, തപാല്‍ ചാര്‍ജായി 58 രൂപ എന്നിവ അടങ്ങുന്നതാണ് ആകെ ഫീസ്. എന്നാല്‍ ഈ ഫീസ് അടച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനായി ഉടമ വന്നില്ല എന്നാണ് ആര്.ടി.ഒ. ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതിനിടെ കാറോടിച്ച 17കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് വിലക്കിയതായി മഹാരാഷ്ട്ര ഗതാഗത കമ്മിണര്‍ വിവേക് ഭിമന്‍വാര്‍ പറഞ്ഞു. അപകടമുണ്ടാക്കിയ പോര്‍ഷെ ടയ്കാന്‍ കാറിന് രജിസ്ട്രേഷന് ഇല്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെ 02:15ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17കാരന് 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്.
Discussion about this post