ഇറാനിലേക്കുള്ള അവയവക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചു. വൃക്കറാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഇതിനകം വിവരം ലഭിച്ച ഹൈദരാബാദ്, വൃക്ക വിറ്റവരുള്ള ഇതരസംസ്ഥാനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ആലുവ ഡിവൈ.എസ്.പി. എ പ്രസാദിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷിക്കുക. ആലുവ റൂറല്‍ എസ്.പി. വൈഭവ് സക്സേന മേല്‍നോട്ടം വഹിക്കും.
പ്രാഥമിക ചോദ്യംചെയ്യലില്‍ പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറടക്കം 20 പേരുടെ വിവരങ്ങള്‍ മാത്രമാണ് സാബിത്ത് വെളിപ്പെടുത്തിയത്. സാബിത്തിന്റെ വിദേശയാത്രകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. എന്‍.ഐ.എ. സാബിത്തിനെ ചോദ്യംചെയ്തെങ്കിലും കേസ് ഏറ്റെടുത്തിട്ടില്ല. 10 ദിവസത്തേക്കാണ് അന്വേഷകസംഘം സാബിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷകസംഘം ഷെമീറിന്റെ നാട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കടബാധ്യതമൂലം ഷെമീര്‍ വൃക്ക വിറ്റിരിക്കാമെന്നാണ് പൊലീസിന് പ്രദേശത്തുള്ളവരില്‍നിന്ന് ലഭിച്ച മൊഴി. വൃക്കവിറ്റ മറ്റുള്ളവരുടെ വിശദാംശങ്ങള്‍ നല്കാന് സാബിത്ത് തയാറായിട്ടില്ല. ഇറാനില്‍ മധു എന്ന ആള്‍ക്കൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post