വിനോദയാത്ര പോയപ്പോള്‍ വീട് നോക്കാനും വളര്‍ത്തുനായകള്‍ക്ക് ഭക്ഷണം നല്‍കാനും ഏല്‍പ്പിച്ച സുഹൃത്ത് വീട് കൊലക്കളമാക്കുകയും പിന്നീട് ആത്മഹത്യ ചെയ്തുമാണ് കണ്ണൂരിലെ അന്നൂരില്‍ നടന്ന സംഭവം. ബെറ്റി ജോസഫ് കുടുംബസമേതം വിനോദയാത്ര പോയപ്പോഴാണ് സുഹൃത്ത് സുദര്‍ശനപ്രസാദിനെ (ഷിജു 34) വീട് ഏല്‍പ്പിച്ചു പോയത്. യാത്രയ്ക്കിടെ മുംബൈയില്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ ഒരു സ്ത്രീയുടെ ശവശരീരം കിടക്കുന്നെന്ന വിവരം ബെറ്റിയെ പൊലീസ് അറിയിക്കുന്നത്.
എരമംകുറ്റൂര്‍ പഞ്ചായത്തിലെ മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെയാണ് ഞായറാഴ്ച ബെറ്റിയുടെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന ഷിജുവിനെ ( 34) ഇരൂളിലെ വീട്ടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ബെറ്റി ജോസഫ് നേരത്തേ ഷിജുവിന്റെ വീട്ടിനടുത്ത് ഇരൂളില്‍ താമസിച്ചിരുന്നു. പിന്നീടാണ് അന്നൂരില്‍ വീടെടുത്ത് താമസം മാറ്റിയത്. ഈ പരിചയമാണ് ഷിബുവിനെ വീട് ഏല്‍പ്പിച്ചു പോകാന്‍ ബെറ്റിയെ പ്രേരിപ്പിച്ചത്.
ബെറ്റി തുടര്‍ച്ചയായി വിളിച്ചിട്ടും ഷിജുവിനെ കിട്ടാത്തതിനെ തുടര്‍ന്ന് നോക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അയല്‍ക്കാര്‍ വന്ന് തുറന്നുകിടക്കുന്ന ജനലഴിക്കുള്ളിലൂടെ നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടത്. അവര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനിലയെന്ന വിവരവും മറ്റും പുറത്തുവരുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് അനിലയെയും കൂട്ടി ഷിജു ഈ വീട്ടിലെത്തിയതെന്നും കൊല നടത്തിയശേഷം വീട് വിട്ടുപോയി സ്വന്തം നാട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്നും കരുതുന്നതായി പൊലീസ് പറയുന്നു. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി. ഇവരുടെ ബന്ധം വീട്ടുകാര്‍ അറിയുകയും പല പ്രശ്‌നങ്ങളും കുടുംബങ്ങള്‍ തമ്മിലുണ്ടാകുകയും ചെയ്തു. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ അനില തയ്യാറായെങ്കിലും ഷിജു തയാറായില്ലെന്നും പൊലീസ് പറഞ്ഞു.
ഷിജുവിന്റെ സഹോദരന്‍ ശൈലേന്ദ്രപ്രസാദ് റബ്ബര്‍ ടാപ്പിങ്ങിന് പോയ സമയത്താണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഷിജുവിനെ കണ്ടത്.
Discussion about this post