ഏഴുവര്‍ഷത്തിനുശേഷം ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് പുനരാരംഭിക്കുന്നു. കേരളത്തിലെ മുഴുവന്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും നാല് ദിവസം നീളുന്ന നോണ്റസിഡന്ഷ്യല് പരിശീലനമാണ് നല്‍കുന്നത്. ആകെ 28,028 അധ്യാപകര്‍ക്ക് 14 ജില്ലകളിലായി പരിശീലനം നല്‍കും. ഒരു വിഷയത്തില്‍ 40 പേരുള്ള ബാച്ചുകളിലായി പരിശീലനം നല്‍കും.
മെയ് 20 മുതലാണ് സംസ്ഥാനത്ത് 14 ജില്ലാ കേന്ദ്രങ്ങളിലായി പരിശീലനം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പരിശീലനത്തിന്റെ ആരംഭത്തില്‍ തന്നെ ഹയര്‍സെക്കന്‍ഡറി, വി.ച്ച്.എസ്.ഇ. മേഖലയിലുള്ള പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാര്ക്കും പ്രത്യേക പരിശീലനം സംഘടിപ്പിക്കും. വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ആയിരിക്കും പരിശീലനം കൊടുക്കുക. ദേശീയ, സംസ്ഥാന തലങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് മാറിവരുന്ന പാഠ്യപദ്ധതി, മാറുന്ന കാലത്തെ അധ്യാപന രീതിശാസ്ത്രം, ക്ലാസ് റൂം ടീച്ചിങ്ങില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം, നൂതനമായ മൂല്യനിര്‍ണയ സാധ്യതകള്‍, കൗമാര വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍, എന്നിവ പരിശീലനത്തിന്റെ ഉള്ളടക്കങ്ങളായി മാറും.
ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള അധ്യാപകര്‍ക്ക് എല്ലാ വര്‍ഷവും സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആര്.ടി.യും സഹകരിച്ച് പരിശീലനങ്ങള്‍ നടന്നുന്നുണ്ട്. എന്നാല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി ഇത്തരം പരിശീലനങ്ങള്‍ നല്‍കിയിരുന്നില്ല.
Discussion about this post