പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനിലൂടെ നടത്തുന്ന തട്ടിപ്പില്‍ ഇരകളായി നിരവധി പേര്‍ക്ക് പണം നഷ്ടമായി. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടുകയുമാണ് തട്ടിപ്പുകാരുടെ രീതി.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 47,61,000 രൂപ, 16,82,010 രൂപ, 123000 രൂപ 99,500 രൂപ, 7200 രൂപ എന്നിങ്ങനെ നഷ്ടമായതായി കഴിഞ്ഞ ദിവസം കണ്ണൂര്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ പറയുന്നു.
ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയ വഴി സന്ദേശമയക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തില്‍ നല്‍കിയിട്ടുള്ള നമ്പറിലേക്ക് മറുപടി നല്‍കിയാല്‍ ഒരു ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ ഇരയുടെ വിശ്വാസം നേടിയെടുക്കാന്‍ ചെറിയ ടാസ്‌കുകള്‍ നല്‍കുകയും പൂര്‍ത്തീകരിച്ചാല്‍ ലാഭത്തോടെ പണം തിരികെ നല്‍കും ചെയ്യും. ഇത്തരത്തില്‍ മൂന്ന് നാല് തവണ ആവര്‍ത്തിക്കും.
ശേഷം ടാസ്‌ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും പ്രത്യേകം തയാറാക്കിയ സ്‌ക്രീനില്‍ പണം കാണിക്കുകയും ചെയ്യും. ടാസ്‌ക് പൂര്‍ത്തീകരിച്ചാല്‍ ലാഭത്തോട് കൂടിയുള്ള പണം സ്‌ക്രീനില്‍ കാണിക്കും. തുടര്‍ന്ന് ടാസ്‌ക് ചെയ്യുന്നതിനായി കൂടുതല്‍ കൂടുതല്‍ പണം ചോദിക്കുകയും പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പറ്റാതെ വരികയും ചെയ്യും.
പിന്‍വലിക്കണമെങ്കില്‍ നികുതി അടക്കണമെന്നും അതിനായി പണം നല്‍കണമെന്നും പറയും. ഇത്തരത്തില്‍ പല കാരണങ്ങള്‍ പറഞ്ഞ് പണം നല്‍കാതിരിക്കും. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലര്‍ക്കും മനസിലാകുക.
ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇരയാവുക ആണെങ്കില്‍ ഉടന്‍ പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ വിളിക്കുക. www.cybercrime.gov.in പോര്‍ട്ടലിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Discussion about this post