മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) ആള്‍മാറാട്ടം നടത്തിയ കേസില്‍ എം.ബി.ബി.എസ് വിദ്യാർഥി ഉള്‍പ്പെടെ ആറ് പേർ പിടിയില്‍.
നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എം.ബി.ബി.എസ്. വിദ്യാർഥി അഭിഷേക് ഗുപ്ത ആള്‍മാറാട്ടം നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നാണ് ആറ് പേരെയും പിടികൂടിയത്.
സർക്കാർ മെഡിക്കല്‍ കോളജ് വിദ്യാർഥിയായ അഭിഷേക് ഗുപ്ത സഹപാഠിയായ രവി മീണ നടത്തുന്ന റാക്കറ്റിന്റെ ഭാഗമാണെന്ന് പൊലീസ് പറയുന്നു.
രാഹുല്‍ ഗുർജർ എന്ന വിദ്യാർഥിക്കായി പരീക്ഷ എഴുതാൻ 10 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. രാഹുല്‍ ഗുർജറെന്ന വ്യാജേനയാണ് അഭിഷേക് പരീക്ഷ എഴുതാൻ എത്തിയത്. ഹാളിലുണ്ടായിരുന്ന അധ്യാപകൻ സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസ് അഭിഷേകിനെ ചോദ്യം ചെയ്തതോടെ മറ്റ് അഞ്ച് പേരുടെ പങ്കിനെ കുറിച്ചും വിവരം ലഭിച്ചത്.
പരീക്ഷാ കേന്ദ്രമായ ആദിത്യേന്ദ്ര സ്കൂളിന് പുറത്ത് കാറില്‍ ഇരിക്കുകയായിരുന്നു മറ്റ് അഞ്ച് പേരും. അഭിഷേക് ഗുപ്ത, രവി മീണ, രാഹുല്‍ ഗുർജർ എന്നിവരെ കൂടാതെ അമിത്, ദയാറാം, സൂരജ് സിംഗ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Discussion about this post