മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജെ.ഡി.എസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രജ്വലിനും പിതാവും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ സ്ത്രീ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എംഎല്‍എമാര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യോഗത്തില്‍ നടപടിയെടുത്തത്.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്. ഹാസനില്‍ ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണ. തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ, പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Discussion about this post