കര്‍ണാടകയിലെ ഹാസനില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും ജെ.ഡി.എസ് സിറ്റിംഗ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഇമിഗ്രേഷന്‍ പോയന്റുകള്‍ എന്നിവിടങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വല്‍ ഈ സ്ഥലങ്ങളിലിറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക പീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വല്‍ രേവണ്ണയ്ക്കും അച്ഛന് രേവണ്ണയ്ക്കും പ്രത്യേകാന്വേഷസംഘം സമന്‍സയച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പ്രചരിച്ച ആയിരക്കണക്കിന് അശ്ലീല വീഡിയോകളില്‍ വിശദീകരണം നല്‍കണമെന്നും സമന്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ പ്രജ്വലിനെ തിരിച്ചെത്തിക്കുന്നത് എങ്ങനെ എന്നതില്‍ നിയമോപദേശം തേടി വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടാനൊരുങ്ങുകയാണ് പ്രത്യേകാന്വേഷണസംഘം. ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറങ്ങിയെന്നല്ലാതെ അവിടെ നിന്ന് പ്രജ്വല്‍ എങ്ങോട്ട് പോയി എന്നതടക്കമുള്ള കാര്യത്തില്‍ ഇതുവരെ പൊലീസിന് ഒരു വിവരവുമില്ല.
Discussion about this post