ചെന്നൈയിലെ ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിച്ചിരുന്ന മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത് ഇതരസംസ്ഥാന തൊഴിലാളിയുടെ പക. പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന് നായര്‍ (ശിവദാസന്‍ നായര്‍- 71), എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി (62) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തിയ രാജസ്ഥാന് സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
വൈകിട്ട് 5.15ന് ഇയാള്‍ വീടിനടുത്ത് എത്തുന്നതിന്റെയും തിരികെ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളുണ്ട്. ഞായറാഴ്ച രാത്രി 8 മണിയോടെ ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന് നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിയും വെട്ടിയും കൊലപ്പെടുത്തി. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ശിവന് നായരെയും ആക്രമിച്ചു വീഴ്ത്തി. ഇരുവരുടെയും ദേഹത്തും കഴുത്തിലും മാരകമായ മുറിവുകളുണ്ട്.മൂര്‍ച്ചയേറിയ ആയുധമാണ് ഉപയോഗിച്ചത്. ഇടുപ്പിലും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മുറിവിന്റെ ആഴക്കൂടുതലും രക്തം വാര്‍ന്നതുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡോക്ടറോടും കുടുംബത്തോടും പകയ്ക്കു കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞതാണ്. പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സമീപത്തെ കടയില്‍ ജോലി ചെയ്യുമ്പോള്‍, സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം സംബന്ധിച്ചു പരാതി ഉയര്‍ന്നിരുന്നു. ചികിത്സ തേടി ക്ലിനിക്കിലെത്തിയിരുന്ന ഇയാളെ അകറ്റി നിര്‍ത്താന്‍ പ്രസന്നകുമാരി ശ്രമിച്ചിരുന്നു. തുടര്‍ന്നു കടയിലെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഇതിന്റെ പക മൂലമാകാം ആയുധവുമായി വീണ്ടും ക്ലിനിക്കിലെത്തിയതെന്നാണു സൂചന. ഗൂഗിള്‍ പേ ഇടപാട് പ്രതി മുന്‍കൂട്ടി പദ്ധതിയിട്ടതാകാമെന്നും പൊലീസ് സംശയിക്കുന്നു. പ്രസന്നകുമാരിയുടെ മ!ൃതദേഹത്തിന് അരികില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണാണു പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.
ദമ്പതികളെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച ആയുധം നിര്‍ണായക തെളിവായതിനാല്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Discussion about this post