മൂവാറ്റുപുഴയിലെ വാളകത്ത് അതിഥി തൊഴിലാളി മരിച്ച സംഭവത്തിനു പിന്നില്‍ ആള്‍ക്കൂട്ട ആക്രമണമാണെന്ന് പ്രാഥമിക നിഗമനം. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് അശോകിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. വാടകക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും കൊല്ലപ്പെട്ട അശോക് ദാസും സുഹൃത്തുക്കളാണ്. വാടക വീട്ടിലെത്തിയ ഇയാള്‍ മദ്യപിച്ചതായും കൈകളില്‍ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും പറയുന്നു.
ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിനെ കാണാനെത്തിയപ്പോഴായിരുന്നു അശോക്ദാസിനെതിരേ ആക്രമണം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. വാളകത്ത് വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാര്‍ റോഡരികില്‍ കെട്ടിയിട്ടു.
കേസില്‍ വാളകത്തെ പ്രദേശവാസികളായ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ആദ്യം ആറുപേരെയും മരണം സ്ഥിരീകരിച്ചതോടെ ബാക്കി നാല് പേരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പിടികൂടുമ്പോള്‍ അശോകിന്റെ കൈകളില്‍ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു. ഈ മുറുവുകള്‍ എങ്ങനെ ഉണ്ടായി എന്നതടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Discussion about this post