പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാല്‍ ജര്‍മനിയിലെത്തിയെന്ന് പൊലീസ് നിഗമനം. രാഹുലിന്റെ സുഹൃത്തില്‍നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിനായി സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാഹുല്‍ വിദേശത്തേക്ക് കടന്നതായ സൂചന ലഭിച്ചതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു. പ്രതിക്കെതിരേ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടാനുമാണ് നീക്കം.
കഴിഞ്ഞദിവസം രാഹുല്‍ തന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍നിന്നുള്ള ഭീഷണി കാരണം നാട്ടില്‍ നില്ക്കാന് പറ്റാത്ത സ്ഥിതിയായതിനാലാണ് വിദേശത്തേക്ക് പോയതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. നിലവില്‍ സിങ്കപ്പൂരിലാണെന്നും ഇയാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സിങ്കപ്പൂരില്‍നിന്ന് പ്രതി ജര്‍മനിയിലെത്തിയെന്നാണ് ഏറ്റവും പുതിയ സൂചന. ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറാണ് രാഹുല്‍. ഇയാളുടെ നാട്ടിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, പെണ്‍കുട്ടിയുമായി രാഹുല്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിയത് മേയ് 12ന് പുലര്‍ച്ചെ നാല് മണിക്കാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നെറ്റിയില്‍ മുഴയും ചുണ്ടില്‍ മുറിവും ഉണ്ടായിരുന്നു. പേടിച്ച് വിറച്ച് ഒന്നും സംസാരിക്കാത്ത അവസ്ഥയില്‍ ആയിരുന്നു പെണ്‍കുട്ടി. ബാത്ത്റൂമില്‍ വീണതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. രാഹുലും മറ്റൊരു പുരുഷനും ആണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സി.ടി. സ്കാന്‍ ചെയ്യണമെന്നും വിശദപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ വിശ്രമിച്ചു. വീട്ടില്‍ ഒരു ചടങ്ങ് ഉണ്ടെന്നും അതിനാല്‍ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞ് രാവിലെ ഏഴുമണിയോടെ സ്വമേധയാ ഡിസ്ചാര്‍ജ് വാങ്ങി തിരിച്ചുപോയി. യുവതിക്ക് തുടര്‍ ചികിത്സ ആവശ്യമുണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നതായും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
പ്രതിയെ കാണാതായ സാഹചര്യത്തില്‍ പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴിയെടുക്കാന്‍ പൊലീസ് വ്യാഴാഴ്ച പന്തീരാങ്കാവിലെ വീട്ടിലെത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. അയല്‍വാസികളില്‍നിന്ന് വിവരം ശേഖരിച്ച് മടങ്ങി.
Discussion about this post