ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഭൈഭവ് കുമാറിനെതിരായ കേസില്‍ ആംആദ്മി എഫ്.ഐ.ആറിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ വയറ്റില്‍ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മേയ് 13ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നാണ് പരാതി. കെജ്‌രിവാളിന്റെ ഡ്രോയിങ് റൂമില്‍ ഇരുന്നപ്പോള്‍ ഭൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് സ്വാതിയുടെ ആരോപണം. ഐ.പി.സി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കായി സ്വാതി മലിവാള്‍ കഴിഞ്ഞദിവസം രാത്രി ഡല്‍ഹി എയിംസില്‍ പോയിരുന്നു.
സംഭവം വിവാദമായതോടെ സ്വാതിയുടെ ആരോപണം ആം ആദ്മി പാര്‍ട്ടി സ്ഥിരീകരിച്ചിരുന്നു. കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ മലിവാളിനോട് മോശമായി പെരുമാറിയെന്നും വിഷയത്തില്‍ കെജ്‌രിവാള്‍ ശക്തമായ നടപടിയെടുക്കുമെന്നും മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് എം.പി. വ്യക്തമാക്കി. വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചില്ല.
Discussion about this post