മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്.
ഡല്‍ഹി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടടെടുപ്പിലേക്ക് കടക്കാനിരിക്കെ കെജ്രിവാള് ജയിലിന് പുറത്തിറങ്ങുന്നത് ആം ആദ്മി പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി നടപടി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജാമ്യകാലാവധി ജൂണ്‍ അഞ്ചുവരെ നീട്ടിക്കൂടേയെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ആരാഞ്ഞെങ്കിലും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ രണ്ടിന് കെജ്രിവാള് കീഴടങ്ങണമെന്നും കോടതി പറഞ്ഞു.
കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും ഇ.ഡി.യും സുപ്രീംകോടതിയില്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
2022 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തത്.
Discussion about this post