ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.
അശ്ലീല വിഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വല്‍, രണ്ട് തവണ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു.
രാജ്യംവിട്ട പ്രജ്വല്‍ തിരിച്ചെത്തി കീഴടങ്ങുമെന്ന പ്രതീക്ഷയില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. പക്ഷേ, പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് പിടികൂടുന്നതിനായി ജര്‍മനിയിലേക്കു പ്രത്യേക അന്വേഷണ സംഘം പോകുന്നത്.
അതിനിടെ പ്രജ്വലിന്റെ ഹാസനിലെ വീട് പൊലീസ് പൂട്ടി മുദ്രവച്ചു. എംപി ക്വാര്‍ട്ടേഴ്സായ ഇവിടെ പീഡിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ദള്‍ വനിതാ നേതാവ് പരാതി നല്‍കിയിരുന്നു.
Discussion about this post